വിമാനത്തിൽ കേരളത്തിലേക്ക്, പണി പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; കൊച്ചിയിൽ മുന്നംഗ ഉത്തരാഖണ്ഡ് സംഘം പിടിയില്‍

0
87

കൊച്ചി: വിമാനത്തില്‍ പറന്നെത്തി പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന മുന്നംഗ ഉത്തരാഖണ്ഡ് സംഘം പിടിയില്‍. കടവന്ത്രയിലും എളമക്കരയിലുമായി രണ്ടുദിവസത്തിനുള്ളില്‍ അഞ്ച് വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. വിമാനത്തിൽ കേരളത്തിലെത്തിയ വൈറ്റ് കോളർ മോഷ്ടാക്കളാണ് പിടിയിലായതെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.

ഉത്തരഖണ്ഡ് സ്വദേശി മിന്റു വിശ്വാസ്, ഉത്തർ പ്രദേശ് സ്വദേശികളായ ഹരിചന്ദ്ര, ചന്ദ്ര ബെൻ എന്നിവരാണ് പിടിയിലായത്. അടഞ്ഞു കിടക്കുന്ന ആഡംബര വീടുകളാണ് സംഘം ലക്ഷ്യമിട്ടത്. നല്ല വേഷം ധരിച്ച് നടന്നെത്തുന്ന യുവാക്കൾ ഏറെ നേരം നിരീക്ഷിച്ച ശേഷമാണ് വീട് കുത്തിത്തുറക്കുന്നത്. ഇരുമ്പ് ചുറ്റികയാണ് പ്രധാന ആയുധം. കടവന്ത്ര, പാലാരിവട്ടം, എറണാകുളം നോർത്ത് എളമക്കര എന്നീ സ്റ്റേഷനുകളിലായി അ‍ഞ്ച് കേസുകളാണ് നിലവിലുള്ളത്.

നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് വജ്രാഭരണങ്ങളും, 20 പവൻ സ്വർണവും, 411 ഡോളറും, നാല് മൊബൈൽ ഫോണും രണ്ട് വാച്ചുകളും കണ്ടെടുത്തു. ഫെബ്രുവരിയിലും ഇവരിൽ ചിലർ കേരളത്തിൽ വിമാന മാർഗ്ഗം എത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മുൻപ് നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.