സ്വകാര്യ ടെലികോം കമ്ബനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയില്‍ ദുരൂഹതയുടെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്

0
151

കോഴിക്കോട് : സ്വകാര്യ ടെലികോം കമ്ബനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയില്‍ ദുരൂഹതയുടെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്.

കൊയിലാണ്ടി ചേലിയില്‍ സ്വദേശിയായ മലയില്‍ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോടികളുടെ ഇടപാടുകള്‍ യുവതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാനമായും യു പി ഐകളിലൂടെയായിരുന്നു പണം കൈമാറ്റം നടന്നത്. സാമ്ബത്തികമായി ഉയര്‍ന്ന അവസ്ഥയില്‍ അല്ലാതിരുന്നിട്ടും കോടികളുടെ ഇടപാട് എങ്ങനെ ബിജിഷ നടത്തിയെന്നും, എവിടെ നിന്നും ഇത്രയും പണം ലഭിച്ചു എന്നതും സംശയകരമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയോളമാണ് ഇവര്‍ ചെലവിട്ടത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് യുവതിക്ക് നഷ്ടമായത്. ഇതിലെ മനോവിഷമമാവും യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. 2021 ഡിസംബര്‍ 12നാണ് ബിജിഷയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലിയില്‍ കണ്ടെത്തിയത്. വിവാഹത്തിന് വീട്ടുകാര്‍ കരുതിയ 35 പവന്‍ സ്വര്‍ണം യുവതി പണയം വച്ചിരുന്നതായി കണ്ടെത്തി.

കൊവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആദ്യ കാലത്ത് യുവതിക്ക് പണം ഗെയിമുകളിലൂടെ നേടാനായെങ്കിലും പിന്നീട് വലിയ തുകകള്‍ നഷ്ടപ്പെടുകയായിരുന്നു. ഇത് വീണ്ടെടുക്കുന്നതിനായി വീണ്ടും ഗെയിമില്‍ പണം ചെലവിട്ടതായും കണ്ടെത്തി. യു.പി.ഐ. ആപ്പ് വഴിയാണ് ഈ ഇടപാടുകളെല്ലാം യുവതി നടത്തിയത്. കൈയില്‍ പണം തീര്‍ന്നതോടെ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്ബനികളില്‍ നിന്നും വലിയ തുക വായ്പ എടുത്തതായും പൊലീസ് കണ്ടെത്തി. വായ്പ തിരികെ അടയ്ക്കാതായതോടെ ബിജിഷയുടെ ഫോണിലെ സുഹൃത്തുക്കളുടെ നമ്ബരിലേക്ക് കമ്ബനികള്‍ സന്ദേശം അയച്ചിരുന്നു. ബിജിഷയെ കുറിച്ച്‌ മോശമായിട്ടാണ് ഈ സന്ദേശങ്ങളില്‍ വിവരിച്ചിരുന്നത്. മാനസിക വിഷമത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്നാല്‍ ഓണ്‍ലൈന്‍ വായ്പ സംഘം ഇത്രയും വലിയ തുക നല്‍കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മരണത്തിന് ശേഷം പണം ആവശ്യപ്പെട്ട് ആരും കുടുംബത്തെ സമീപിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.