‘നെടുമാരനാ’കാൻ അക്ഷയ് കുമാർ; ഹിന്ദി ‘സുരറൈ പോട്രി’ന് ആരംഭം

0
99

കൊവിഡ് പശ്ചാത്തലത്തിലും ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരറൈ പോട്ര്. ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം കൂടിയാണിത്. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായിക.

ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നുവെന്ന വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം. സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധനും എത്തുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.