സാമൂഹ്യനീതി വകുപ്പിന്റെ അഞ്ചുവര്‍ഷത്തെ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ശില്പശാല നാളെ മുതല്‍

0
87

സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനുള്ള ശില്പശാല ചൊവ്വ, ബുധന്‍ (ഏപ്രില്‍ 26, 27) ദിവസങ്ങളില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഐഎംജിയിലാണ് രണ്ടുദിവസത്തെ ശില്പശാല. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, പ്രൊബേഷന്‍ തടവുകാര്‍, കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍, മറ്റു ദുര്‍ബലവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനാണ് ശില്പശാല. ഓരോ മേഖലയിലെയും വിഷയ വിദഗ്ധര്‍, അതാത് വിഭാഗങ്ങളുടെ പ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുക്കും.
സമൂഹത്തിലെ അരികുവത്ക്കരിക്കപ്പെട്ടവര്‍ക്ക് നിലവില്‍ നടപ്പിലാക്കിവരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും ശില്പശാല വിശകലനംചെയ്യുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. വേണ്ട കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ശില്പശാല ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തി ഈ ജനവിഭാഗങ്ങളെ സ്വയം പര്യാപ്തമാക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശില്പശാല രൂപം നല്‍കും. ശില്പശാലയില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് അടുത്ത അഞ്ചുവര്‍ഷം നടപ്പാക്കേണ്ട സമഗ്ര പദ്ധതിരേഖ ശില്പശാല തയ്യാറാക്കും – മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.