യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികള്‍ മോചിതനായി; 2 ദിവസത്തിനകം നാട്ടിലെത്തുമെന്ന് വിവരം

0
97

കോഴിക്കോട്: യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന കോഴിക്കോട് മേപ്പയൂ‍ർ സ്വദേശി ദിപാഷ് അടക്കം മൂന്ന് മലയാളികള്‍ മോചിതരായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രണ്ട് ദിവസത്തിന് ശേഷം ദിപാഷ് നാട്ടിലെത്തുമെന്നാണ് വീട്ടുകാർക്ക് ലഭിച്ച സന്ദേശം.

അബുദാബിയിലെ കപ്പലിൽ ജീവനക്കാരനായിരുന്ന മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷിനെ ജനുവരിയിലാണ് ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് ദിപാഷ് ജോലി നോക്കിയിരുന്ന കപ്പൽ ഹൂതി വിമതർ പിടിച്ചെടുത്ത് 11 ജീവനക്കാരെ തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരിൽ മൂന്ന് മലയാളികളുൾപ്പെടെ 7 ഇന്ത്യക്കാരുണ്ട്.

കപ്പലുണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചു എന്നാണ് ദിപാഷിൻ്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാൻ മാസം തീരുന്നമുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനി മുൻകൈയെടുത്താണ് മുഴുവൻ പേരുടെയും മോചനത്തിന് വഴിതുറന്നത്.