ഇട്ടുമൂടാൻ പണമുണ്ട് ; പക്ഷേ കയറിക്കിടക്കാൻ വീടില്ല- ഇതാ ഒരു വേദനിക്കുന്ന കോടീശ്വരൻ

0
63

കോടീശ്വരനാണ്, പക്ഷേ കയറി കിടക്കാൻ വീടില്ല. അതേതാ വീട് പോലും ഇല്ലാത്ത കോടീശ്വരൻ എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. പറഞ്ഞുവരുന്നത് ടെസ്ല മോട്ടേഴ്സ്, സ്പേസ് എക്സ് എന്നീ കമ്പിനികളുടെ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിനെക്കുറിച്ചാണ്. ഫോബ്സ് പട്ടികയിൽ ആമസോണിന്റെ ജെഫ് ബെസോസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ സംരംഭകനാണ് ഇലോൺ മസ്‌ക് എന്ന് ഓർക്കണം. എന്നാൽ കയറി കിടക്കാൻ ഒരു വീട് പോലുമില്ല എന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വന്തമായി ഒരു വീടില്ല. താമസിക്കുന്നത് കൂട്ടുകാരോടൊപ്പമാണ്. ടെസ്ലയിലെ പ്രധാന എൻജിനീയറിങ് പ്രവർത്തനങ്ങൾ നടക്കുന്ന ബേ ഏരിയയിലേക്കു പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിൽ താമസിക്കും. സ്വന്തമായി ആഢംബര കപ്പൽ ഇല്ല. ഉല്ലാസ യാത്രകൾ പോകാറുമില്ല എന്ന് മസ്‌ക് പറഞ്ഞു. ടെഡിന്റെ ക്രിസ് ആൻഡേഴ്‌സന് നൽകിയ അഭിമുഖത്തിലാണ് മസ്‌കിന്റെ തുറന്നുപറച്ചിൽ. ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിന് വരെ വില പറഞ്ഞ മനുഷ്യനാണ് ഇപ്പറയുന്നതെന്ന് ഓർക്കണം.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാത്രം കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കാറില്ലെന്നും അങ്ങനെ ചെവലഴിക്കുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് മസ്‌ക് പറയുന്നത്. ആകെയുള്ള പ്രശ്‌നം വിമാനത്തിന്റെ ഉപയോഗമാണ്. വിമാനം ഉപയോഗിക്കാതിരുന്നാൽ തന്റെ ജോലി സമയം കുറയും. അതുകൊണ്ടാണ് വിമാനം ഒഴിവാക്കാത്തതെന്നും മസ്‌ക് പറയുന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് 269.5 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. എന്നാൽ കയറിക്കിടക്കാൻ വീട് പോലുമില്ലെന്ന മസ്‌കിന്റെ വാക്കുകളിൽ അന്തിച്ച് നിൽക്കുകയാണ് ടെക് ലോകവും സംരംഭക സമൂഹവും