തീയേറ്ററുകൾ ഇപ്പോഴും ഹൗസ്ഫുൾ; 1000 കോടി ക്ലബ്ബിലേക്ക് കുതിച്ച് കെജിഎഫ് 2

0
92

ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത് ശക്തമായ മുന്നേറ്റം നടത്തുകയാണ് യാഷ് നായകനായ കെജിഎഫ് 2. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 11 ദിവസത്തിനുള്ളിൽ 880 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. ഏപ്രിൽ 14നാണ് ചിത്രം റിലീസ് ചെയ്തത്.

ഇപ്പോഴും തീയേറ്ററുകളിൽ ഹൗസ് ഫുൾ ആയിട്ടാണ് ചിത്രം പ്രദർശനം തുടരുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രജനീകാന്തിന്റെ 2.oയെ കെജിഎഫ് 2 മറികടക്കുകയും ചെയ്തു. ദംഗലാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാഹുബലി 2, ആർആർആർ, ബജ്രംഗി ബായിജാൻ, സീക്രട്ട് സൂപ്പർസ്റ്റാർ, പികെ തുടങ്ങിയ സിനിമകളാണ് യഥാക്രമം രണ്ട് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ കെജിഎഫിന് മുന്നിലായിട്ട് ഉള്ളത്.

സിനിമ പുറത്തിറങ്ങി ആദ്യ ദിവസം 134.5 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം കളക്ഷനായി നേടിയത്. ബാഹുബലി 2ന് ശേഷം ഹിന്ദിയിൽ ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും വലിയ വിജയവും കെജിഎഫ് സ്വന്തമാക്കി. കന്നഡയ്‌ക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.