2022ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30ന്; ദൃശ്യമാകുന്ന സ്ഥലങ്ങൾ ഇതെല്ലാം..

0
106

ന്യൂയോർക്ക്: 2022 തുടങ്ങി നാല് മാസങ്ങൾ പിന്നിടുമ്പോൾ ഈ വർഷത്തെ ആദ്യ ഗ്രഹണത്തെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. വരുന്ന ഏപ്രിൽ 30നാണ് 2022ലെ ആദ്യത്തെ സൂര്യഗ്രഹണം നമുക്ക് കാണാൻ കഴിയുക. നാസ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഗ്രഹണത്തിന് സൂര്യന്റെ 64 ശതമാനം ഭാഗമാണ് ചന്ദ്രനാൽ മറയപ്പെടുക. അതുകൊണ്ടുതന്നെ സൂര്യവെളിച്ചത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ തടസപ്പെടുകയുള്ളൂവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത്തരത്തിൽ ഗ്രഹണം സംഭവിക്കുമ്പോൾ ചിലപ്പോൾ പൂർണമായും സൂര്യനെ മറയ്‌ക്കുന്ന തരത്തിൽ ചന്ദ്രൻ കടന്നുപോകാറുണ്ട്. എന്നാൽ ഇത്തവണ പൂർണ സൂര്യഗ്രഹണം ആകുകയില്ലെന്നാണ് ഗവേഷകർ പറയുന്നത്. ആ വർഷത്തെ ആദ്യ ഗ്രഹണം ഭാഗികമായിട്ടാണ് ഭൂമിയിലുള്ളവർക്ക് കാണാൻ കഴിയുക. ഏപ്രിൽ 30-മെയ് 1 ദിനങ്ങൾക്കിടയിലാണ് ഗ്രഹണം സംഭവിക്കുന്നത്.

30ന് ഇന്ത്യൻ സമയം രാത്രി 12.15ന് ആരംഭിക്കുന്ന ഗ്രഹണം മെയ് 1 പുലർച്ചെ 4.07 വരെയുണ്ടാകുമെന്ന് പറയപ്പെടുന്നു. ലോകത്തിന്റെ പലഭാഗത്തുള്ളവർക്ക് ഗ്രഹണം ദൃശ്യമാകും. പ്രധാനമായും ചിലി, അർജന്റീന, ഉറുഗ്വായ്, പടിഞ്ഞാറൻ പരഗ്വായ്, ദക്ഷിണ പടിഞ്ഞാറൻ ബൊളീവിയ, ദക്ഷിണകിഴക്കൻ പെറു, ബ്രസീൽ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിയും. എന്നാൽ 2022ലെ ആദ്യ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്നാണ് ഗവേഷകർ അറിയിക്കുന്നത്.