സംസ്ഥാന ചലച്ചിത്ര അവാർഡ്; സയ്യിദ് അഖ്തർ മിർസ ജൂറി ചെയർമാൻ

0
152

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് സയ്യിദ് മിർസ.

സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥൻ, പ്രമുഖ സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെൻററി സംവിധായകനുമായ ബൈജു ചന്ദ്രൻ, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആർ.സുധീഷ്, സുസ്‌മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനർ ജിസ്സി മൈക്കിൾ, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭൻ, ഛായാഗ്രാഹകൻ വേണുഗോപാൽ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.