ശ്രീനിവാസൻ വധം: ആയുധങ്ങൾ എത്തിച്ചത് ചുവന്ന സ്വിഫ്റ്റ് കാറിൽ; മേലാമുറിക്കടുത്ത് വെച്ച് അക്രമികൾക്ക് കൈമാറി

0
78

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് ബി ജെ പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളുപയോഗിച്ച വെള്ള ആക്ടീവ സ്കൂട്ടർ ഇന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ ഇന്നലെ അറസ്റ്റിലായ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ അബ്ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. ഒമ്പത് പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് അഞ്ച് പേരേക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ ജി അശോക് യാദവ് പറഞ്ഞു. ഇന്നലെ പട്ടാമ്പി, തൃത്താല മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.