കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിക്കൽ; രേഷ്മയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
84

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. അധ്യാപികയായിരുന്ന രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു.
കേസിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. രേഷ്മയ്ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുൻപ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവർത്തിക്കുന്നത്.
അതേസമയം, കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്ന് എംവി ജയരാജന്‍ ആരോപിച്ചിരുന്നു. ”ആള്‍താമസമില്ലാത്ത വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്.”
പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍എസ്എസ് ബന്ധം വ്യക്തമാവുമെന്നും എംവി ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ രേഷ്മ പരാതി നൽകുകയുമുണ്ടായി.