മികച്ച നേട്ടവുമായി പൊതുമേഖലാ സ്ഥാപനങ്ങൾ

0
62

കേരളത്തിലെ സമ്പദ്ഘടനയുടെ വളർച്ചയിലും, ഉത്പന്നനിർമ്മാണ മേഖലയിലും, പൊതുമേഖലാ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ കോവിഡ് കാലത്തും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 3884.06 കോടി രൂപയുടെ വിറ്റുവരവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തനലാഭം 384.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് വിറ്റുവരവിൽ 562.69 കോടി രൂപയുടെ വർധനവും (16.94%) പ്രവർത്തന ലാഭത്തിൽ 273.38 കോടി രൂപയുടെ വർധനവും (245.62%) ആണിത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ 2016-17 വർഷത്തിൽ 40.38 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നേടിയത്. കോവിഡ് സാഹചര്യത്തിലും മികച്ച രീതിയിൽ വ്യവസായ വകുപ്പ് നടത്തിയ ഇടപെടലുകൾ കഴിഞ്ഞവർഷവും 111.30 കോടിയുടെ പ്രവർത്തന ലാഭം കൈവരിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കിയിരുന്നു. പൊതുമേഖലയിലെ വ്യവസായശാലകളുടെ വളർച്ചയ്ക്ക് മികച്ച രീതിയിൽ തുടർച്ചയുണ്ടാക്കാൻ വ്യവസായ വകുപ്പിന് സാധിച്ചിരിക്കുന്നു. 2020-21 സാമ്പത്തിക വർഷം 41 പൊതുമേഖലാ സ്ഥാപനങ്ങളിൽ 16 കമ്പനികളായിരുന്നു ലാഭത്തിൽ പ്രവർത്തിച്ചിരുന്നതെങ്കിൽ 2021-22 സാമ്പത്തിക വർഷത്തിൽ 20 കമ്പനികൾ പ്രവർത്തന ലാഭം നേടിയിട്ടുണ്ട്. പുതുതായി 4 കമ്പനികൾ കൂടി ലാഭത്തിൽ എത്തി.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ), കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, കെൽട്രോൺ കോമ്പണൻ്റ് കോംപ്ലക്സ്, ട്രാവൻകൂർ-കോച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ്, മലപ്പുറം സഹകരണ സ്പിന്നിങ്ങ് മിൽസ്, സ്റ്റീൽ ഇൻ്റസ്ട്രിയൽസ് കേരള, കേരള കരകൗശല വികസന കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ്ങ് മിൽ, കേരള സെറാമിക്സ്, കേരള ക്ലെയ്സ് ആൻ്റ് സെറാമിക് പ്രൊഡക്റ്റ്, കെ.കരുണാകരൻ മെമ്മോറിയൽ സഹകരണ സ്പിന്നിങ്ങ് മിൽ, മലബാർ സഹകരണ ടെക്സ്റ്റൈൽസ് ലിമിറ്റഡ്, മെറ്റൽ ഇൻ്റസ്ട്രീസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ്, മലബാർ സിമൻ്റ്സ്, സ്റ്റീൽ ആൻ്റ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ്, കെൽട്രോൺ ഇലക്ട്രോ സെറാമിക്സ്, കേരള സ്റ്റേറ്റ് ഇൻ്റസ്ട്രിയൽ എൻ്റർപ്രൈസസ്, ആലപ്പി സഹകരണ സ്പിന്നിങ്ങ് മിൽസ് എന്നീ സ്ഥാപനങ്ങളാണ് 2021-22 വർഷത്തിൽ മികച്ച പ്രവർത്തനലാഭം കൈവരിച്ചത്.
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇൻസ്ട്രു മെന്റേഷന്‍ ലിമിറ്റഡ് പാലക്കാട്, ബി എച്ച് എൽ -ഇ എം എൽ കാസർഗോഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കോട്ടയം, ബി പി സി എൽ, ബി ഇ എം എൽ എന്നീ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ നീതി ആയോഗിന്റെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനീകരിച്ചും നവീകരിച്ചും സംരക്ഷിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നിരിക്കെ, ഈ ഘട്ടത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ വിറ്റഴിക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും കൂടി ഏറ്റെടുത്ത് പ്രവർത്തനം ശക്തിപ്പെടുത്തുന്ന ബദല്‍ വികസന നയമാണ് കേരള സർക്കാർ ഇവിടെ നടപ്പാക്കി വരുന്നത്.

കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ച, സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന, സംയുക്ത സംരംഭമായിരുന്ന ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡിൻ്റെ ഏറ്റെടുക്കൽ നടപടികൾ ഇതിനകം പൂർത്തിയാക്കുകയും കെൽ-ഇ.എം.എൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ബി.എച്ച്.ഇ.എൽ-നു ഭെൽ ഇലക്ട്രിക്കൽ മെഷിൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സർക്കാർ വാങ്ങി, പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി. ഏപ്രിൽ 1, 2022 ൽ മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച കെല്‍ ഇഎംഎല്‍ എന്ന പേരിൽ ഉദ്‌ഘാടനവും നിർവഹിച്ചു.
145.60 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് കേരള സർക്കാർ ഏറ്റെടുത്തത്. തുടർന്ന് ബോർഡ് പുനഃസംഘടിപ്പിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തു. നിലവിൽ ഘട്ടംഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഫാക്ടറി പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈ സ്ഥലത്തുതന്നെ സംസ്ഥാന സർക്കാർ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ കമ്പനിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതില്‍ കേരളം ഒരു മാതൃകയാവുകയാണ്.

പൊതുമേഖലയെ നവീകരിച്ചും ആധുനികവൽക്കരിച്ചും ലാഭകരമാക്കിയും സംരക്ഷിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ കാഴ്ചപ്പാടിനനുസൃതമായി മുന്നോട്ടുപോകാൻ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിന് സാധിച്ചിട്ടുണ്ട്.
മുന്‍പ് പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുക്കാനും ഇത്തരത്തില്‍ കേരള സര്‍ക്കാര്‍ നടപടികൾ ആരംഭിച്ചിരുന്നു.
തുടർവർഷങ്ങളിൽ അവശേഷിക്കുന്ന സ്ഥാപനങ്ങളെക്കൂടി ലാഭകരമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിച്ച്‌ വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് മൂലം സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയും ഈ സ്ഥാപനങ്ങളില്‍ നേരിട്ടും പരോക്ഷമായും തൊഴില്‍ ചെയ്ത് വരുന്ന തൊഴിലാളികളേയും സ്ഥാപനങ്ങളെ ആശ്രയിച്ച് വരുന്ന അനുബന്ധ വ്യവസായ സ്ഥാപനങ്ങളുടെ നിലനില്പ്പിനേയും സാരമായി ബാധിക്കുമെന്നതിനാൽ പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണു സർക്കാർ ലക്ഷ്യം.