Wednesday
17 December 2025
30.8 C
Kerala
HomeKeralaകണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവർത്തനം പരീക്ഷ കണ്‍ട്രോളര്‍ പി.ജെ...

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവർത്തനം പരീക്ഷ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചു.

ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വി.സി തീരുമാനമെടുക്കട്ടേയെന്നും പി.ജെ വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.’ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിക്കോ പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ല അതിന് പ്രത്യേകമായി തയ്യാറാക്കിയ ടീമാണ് ഈ പരീക്ഷ പേപ്പര്‍ തയ്യാറാക്കുന്നത്. അവര്‍ അയച്ചു നല്‍കിയ പരീക്ഷ പേപ്പറില്‍ ഉണ്ടായ പ്രശ്‌നങ്ങളാണെന്നും വിന്‍സെന്റ് പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബോട്ടണി, സൈക്കോളജി ചോദ്യപേപ്പറുകളില്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചു വന്നിരുന്നു. മലയാളം ചോദ്യപേപ്പറുകളില്‍ തന്നെ വലിയ രീതിയിലുള്ള തെറ്റുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെയൊക്കെ അടിസ്ഥാനത്തിലാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത പി.ജെ വിന്‍സെന്റ് അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments