റെക്കോർഡ് വിലയിൽ പാമോയിൽ; ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

0
61

ലോകത്തിലെ ഏറ്റവും മികച്ച പാം ഓയിൽ (palm oil) ഉൽപ്പാദകരായ ഇന്തോനേഷ്യ (Indonesia), കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയരുന്നു. ആഗോള വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ ഒഴുകുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. പാമോയിൽ കയറ്റുമതിയിൽ ഇന്തോനേഷ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്നറിയിച്ചതോടെയാണ് വിപണിയിൽ പാമോയിൽ വില കത്തിക്കയറുന്നത്. ഇന്തോനേഷ്യയുടെ ഈ നീക്കത്തെ തുടർന്ന് വിപണിയിൽ പാമോയിൽ വില കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഈ മാസാവസാനം കയറ്റുമതി നിർത്തുമെന്നാണ് ഇന്തോനേഷ്യ അറിയിച്ചത്. പിന്നാലെ പാമോയില്‍ വില രൂക്ഷമാകുകയായിരുന്നു. ജൂലൈ ഡെലിവറിക്കുള്ള പാം ഓയിൽ 320 റിംഗിറ്റ് അഥവാ 5.82% ഉയർന്ന് ഒരു ടണ്ണിന് 6,725 റിംഗിറ്റ് എന്ന വിലയിലേക്കെത്തി. അതായത് ഒരു ടണ്ണിന് 118,631.6693 രൂപയിലെത്തി ($1,548.11).
ആഗോള പാം ഓയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്. റഷ്യ- ഉക്രെയ്ന്‍ യുദ്ധം ( Russia-Ukraine war) പെട്ടിപുറപ്പെട്ടതോടുകൂടി ഉണ്ടായ ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന് ഉത്തേജനമാകുകയാണ് പാമോയില്‍ വില വര്‍ധനവ്. ഇതോടെ ആഭ്യന്തര വില ഏകദേശം 15 ശതമാനം ഉയരാണ് സാധ്യത.
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ (soybean), സണ്‍ഫ്ളവര്‍ ഓയില്‍ (sunflower oil) എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ ബദലായി കണ്ടാണ് പാമോയിൽ ഉപയോഗിക്കുന്നത്. ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഏപ്രിൽ 28 മുതൽ ഇന്തോനേഷ്യ കയറ്റുമതി തടയും. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഫെബ്രുവരിയിൽ, ഇന്ത്യൻ സർക്കാർ ക്രൂഡ് പാം ഓയിൽ (സിപിഒ) ഇറക്കുമതിയുടെ നികുതി വെട്ടിക്കുറച്ചിരുന്നു. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പാമോയിലില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്. ബാക്കി മലേഷ്യയിൽ നിന്നും.
കേക്കുകൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാമോയിലിന്റെ വില വര്‍ധിക്കുന്നതോടുകൂടി   ആഗോളതലത്തിൽ തന്നെ ഉൽപ്പാദകർക്ക് നിര്‍മ്മാണ ചെലവ് വര്‍ധിക്കും. ഇതോടെ ഇതിനോട് അനുബന്ധമായിട്ടുള്ള എല്ലാ ഉത്പന്നങ്ങളുടെയും വില വര്‍ധിക്കും.