സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

0
62

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (Covid) സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ (Veena George)നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

വൈകുന്നേരം അഞ്ച് മണിക്കാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയില്‍ ഇന്ന് കൊവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചേക്കും. രാജ്യത്ത് കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നിര്‍ണായക യോഗവും ചേരുന്നത്.

രാജ്യത്ത് കൊവിഡ് ഉയരുന്നു…

പ്രതിവാര കൊവിഡ് കേസുകള്‍ ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടുമുയരുകയാണ്. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രോഗവ്യാപനമുയര്‍ന്നതോടെ പത്ത് കോടി കൊവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദില്ലിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേര്‍ക്കാണ് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതല്‍ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വീണ്ടും ആളുകള്‍ എത്തി തുടങ്ങി. ദില്ലിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡില്‍ നേരിയ വര്‍ധന ഉണ്ടായതോടെ മറ്റന്നാള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.