തിരുവനന്തപുരം: ഓരോ തദ്ദേശഭരണ പ്രദേശത്തുമുള്ള തൊഴിലന്വേഷകരുടെ എണ്ണം വാര്‍ഡ് അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്നു.
2026-നകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണിത്. സര്‍ക്കാര്‍ ജോലിയാണ് മാന്യമായ തൊഴിലെന്ന സങ്കല്പം മാറ്റി ഓരോരുത്തരുടെയും അറിവും നൈപുണ്യവും പ്രയോജനപ്പെടുത്തി തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം.
20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കേരള നോളജ് ഇക്കോണമി മിഷന്‍ രൂപവത്കരിച്ചിരുന്നു. തൊഴില്‍ അന്വേഷകര്‍ക്കും ദാതാക്കള്‍ക്കും ഒരേ ഇടത്തില്‍ കേന്ദ്രീകരിക്കാന്‍ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റവും നടപ്പാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ തൊഴില്‍തേടുന്നവരെയും ദാതാക്കളെയും ചേര്‍ക്കാനാണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന പ്രചാരണം. ഇത് മേയ് എട്ടിനു തുടങ്ങും.
18-നും 59-നും ഇടയിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വിവരങ്ങളാണ് വീടുകയറി ശേഖരിക്കുക. ആദ്യഘട്ടമായി അടുത്ത ഒരുവര്‍ഷം 10 ലക്ഷം പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കും.
ഇക്കാര്യത്തില്‍ കുടുംബശ്രീ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കും. മേയ് എട്ടുമുതല്‍ 15 വരെയാണ് മൊബൈല്‍ ആപ്പുവഴിയുള്ള വിവര ശേഖരണം.
കേരള നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്നതിന്റെ ഭാഗമായി പ്രചാരണ പരിപാടിയുടെയും സര്‍വേയുടെയും മാര്‍ഗരേഖ തയ്യാറായതായി മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു.