രാജസ്ഥാനില്‍ ദളിത് ദമ്പതികളെ ക്ഷേത്രത്തില്‍ കയറ്റിയില്ല; പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

0
81

(Rajasthan) ജോഥ്പൂര്‍ ജലോറിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ദമ്പതികളെ തടഞ്ഞതായി പരാതി ഉയര്‍ന്നത്. അഹോര്‍ സബ്ഡിവിഷന് കീഴിലുള്ള നീലകണ്ഠ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദമ്പതികളെ ക്ഷേത്രത്തിന്റെ ഗേറ്റില്‍ വേല ഭാരതിയെന്ന പൂജാരിയെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം ഗ്രാമത്തിലെ ചിലര്‍ പൂജാരിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പൂജാരിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. പൂജാരിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കേസെടുത്തുവെന്നും അന്വേഷണം നടത്തിവരുകയാണെന്നും ജലോര്‍ പൊലീസ് സൂപ്രണ്ട് ഹര്‍ഷ് വര്‍ധന്‍ അഗര്‍വാല അരിയിച്ചു. തങ്ങളുടെ വിവാഹശേഷം ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കാനായിരുന്നു ദമ്പതികള്‍ ക്ഷേത്രത്തില്‍ എത്തിയത്. ദമ്പതികളെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തിയ പൂജാരി നാളികേരം പുറത്ത് സമര്‍പ്പിച്ചാല്‍ മതിയെന്നും ക്ഷേത്രത്തില്‍ കയറ്റില്ലെന്നുമുള്ള വിചിത്രനിലപാടാണ് സ്വീകരിച്ചതെന്ന് ദമ്പതികള്‍ പരാതിയില്‍ പറഞ്ഞു. ദളിത് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ക്ഷേത്രത്തില്‍ കയറുന്നത് വിലക്കിയെന്ന് കാട്ടിയാണ് ദമ്പതികള്‍ പൊലീസിന് നല്‍കിയത്.