ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും

0
54

പാരീസ്: ഫ്രഞ്ച് പ്രസിഡൻ്റ്  ഇമ്മാനുവൽ മാക്രോണിന് ഭരണത്തുടർച്ച. കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ 58 ശതമാനം വോട്ടുകൾ കരസ്ഥമാക്കിയായിരുന്നു മാക്രോണിന്റെ വിജയം. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മരീൻ ലീ പെന്നിനെയാണ് മാക്രോൺ പരാജയപ്പെടുത്തിയത്.

 

ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചു. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മരീൻ ലെ പെന്ന് രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്.

 

ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ.റഷ്യൻ അനുകൂല മനോഭാവമുള്ള പെൻ താൻ അധികാരത്തിലെത്തിയാൽ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മുസ്ലിം ശിരോവസ്ത്രങ്ങൾ നിരോധിക്കുമെന്ന് പറഞ്ഞതും കുടിയേറ്റ വിരുദ്ധ നിലപാട് പ്രകടിപ്പിച്ചതും ന്യൂനപക്ഷങ്ങൾക്കിടെ അതൃപ്തിയുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലെ വർദ്ധനയും പണപ്പെരുപ്പവുമാണ് പെൻ മാക്രോണിനെതിരെ ആയുധമാക്കിയിരുന്നത്. എന്നാൽ പെന്നിന്റെ പ്രചരണ പരിപാടികളൊന്നും വലിയ രീതിയിൽ ഗുണം ചെയ്തില്ല.

മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ വീണ്ടും അധികാരമേൽക്കും.