കര്‍ണാടക: ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ ബൈബിള്‍ വിവാദം. സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് സ്‌കൂള്‍ അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചെന്നാണ് ആരോപണം.
ബംഗളുരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളാണ് ഇത്തരത്തില്‍ സത്യവാചകം ചൊല്ലിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതേതുടര്‍ന്ന് സ്‌കൂളിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടാത്ത വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ വായിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു.
അതേസമയം, ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. ബൈബിള്‍ അധിഷ്ഠിത വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നത്. പതിനൊന്നാം ക്ലാസിന്റെ അഡ്മിഷന്‍ സമയത്ത്, ബൈബിള്‍ പഠനവുമായി ബന്ധപ്പെട്ട സണ്‍ഡേ സ്‌കൂളിലും മറ്റ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളിലും കുട്ടി പങ്കെടുക്കണമെന്നും ക്ലാസില്‍ ബൈബിള്‍ കൊണ്ടുപോകുന്നത് മാതാപിതാക്കള്‍ എതിര്‍ക്കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ഫോമില്‍ മാതാപിതാക്കള്‍ ഒപ്പിട്ടുനല്‍കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
കുട്ടികളുടെ ധാര്‍മികവും ആത്മീയവുമായ ക്ഷേമത്തിനായിട്ടാണ് ഈ നടപടിയെന്നും സ്‌കൂള്‍ മാനേജ്മെന്റ് പറയുന്നു.