സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി

0
82

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന അദ്ദേഹത്തിന് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആര്‍.സുധീഷ്, സുസ്മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനര്‍ ജിസ്സി മൈക്കിള്‍, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭന്‍, ഛായാഗ്രാഹകന്‍ വേണുഗോപാല്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സയ്യിദ് മിര്‍സ, സുന്ദര്‍ദാസ്, കെ.ഗോപിനാഥന്‍ എന്നിവര്‍ക്കു പുറമെ അന്തിമവിധിനിര്‍ണയ സമിതിയില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്രപിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനര്‍ ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍ എന്നിവരും അംഗങ്ങളായിരിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.