മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് നോമ്പ്കാലത്ത് വൈകിട്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
78

മലപ്പുറം : റമദാന്‍ കാലത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ മലപ്പുറത്ത് വ്യത്യസ്ത പരിപാടിയുമായി മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍.
ജില്ലയിലെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം. മനസും ശരീരവും പുണ്യമാക്കി പരമ കാരുണ്യവാനെ സ്മരിക്കുന്ന കാലത്തില്‍ ആപത്തുകളില്‍ നിന്ന് കൂടി കരുതല്‍ എടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണ പരിപാടി.

മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് നോമ്പ്കാലത്ത് വൈകിട്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഇത് തടയാനാണ് പരിശോധനയ്ക്ക് പുറമേ പള്ളികള്‍ കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണത്തിന് വിശ്വാസികളില്‍ നിന്ന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

ബോധവല്‍ക്കരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാനും, ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഉദ്യോഗസ്ഥരുടെ ബോധവത്കരണം.

രാപ്പകലില്ലാതെ നിരത്തുകളില്‍ റോഡ് സുരക്ഷ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും, ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നുണ്ട്.