ജല അതോറിറ്റി എസ്.എം.എസ്. വഴി നല്‍കുന്ന ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്റെ അളവ്‌ കാണിക്കണം

0
164

തിരുവനന്തപുരം: ജല അതോറിറ്റി എസ്.എം.എസ്. വഴി നല്‍കുന്ന ബില്ലില്‍, ഉപഭോക്താക്കള്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് , മുന്‍ മാസത്തെ മീറ്റര്‍ റീഡിംഗ്‌, ഇപ്പോഴത്തെ മീറ്റര്‍ റീഡിംഗ്‌ എന്നിവ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം.

ഇല്ലെങ്കില്‍ പഴയ പോലെ സ്പോട്ട് ബില്‍ തന്നെ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജല അതോറിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനം നല്ലതാണെങ്കിലും ഇത്തരം സംവിധാനം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.

താന്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക് ഉണ്ട്. ഇത്തരം വിവരങ്ങള്‍ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കും ഉണ്ട്.
വിവരങ്ങള്‍ അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജല അതോറിറ്റിയുടെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് എസ്.എം.എസ് ബില്ലിംഗ് നിലവില്‍ വന്നതെന്ന് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.

ക്വിക്ക് പേ വഴി പണം അടച്ചാല്‍ 100 രൂപ കുറയും. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കളക്ഷന്‍ സെന്റര്‍ വഴി അടയ്ക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.