പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം വിപണയിലെത്തുന്നതായുള്ള പരാതി വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലും പരിശോധന നടന്നു. ഭക്ഷ്യാസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്. മലപ്പുറം തിരൂരിലും ഇടുക്കി തൊടുപുഴയിലും തിരുവനന്തപുരം പള്ളത്തും പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം പിടിച്ചെടുത്തു.
തിരൂര്‍(മലപ്പുറം): മീന്‍ചന്തയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍പ്പരിശോധന നടത്തി. ഫോര്‍മാലിന്‍ കലര്‍ന്ന 150 കിലോ തളയന്‍ മീന്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി തിരൂര്‍ മീന്‍ചന്തയില്‍ പരിശോധന നടത്തിയത്.
സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലാബിലാണ് പരിശോധന നടത്തിയത്. രാസവസ്തു ചേര്‍ന്ന മീനിന്റെ ഉപഭോഗത്തിന്റെ ഭവിഷ്യത്ത് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെ ബോധ്യപ്പെടുത്തി. ജില്ലയില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഫിഷറീസ് ഓഫീസര്‍ ഇബ്രാഹിംകുട്ടി, ഭക്ഷ്യസുരക്ഷാ വകുപ്പുദ്യോഗസ്ഥരായ മുഹമ്മദ് മുസ്തഫ, അരുണ്‍കുമാര്‍, അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.
തൊടുപുഴ(ഇടുക്കി): ജില്ലയില്‍ വീണ്ടും പഴകിയ മത്സ്യവില്‍പ്പന വ്യാപകമാകുന്നു. തൊടുപുഴ, ഹൈറേഞ്ച് മേഖലകളിലാണ് പഴകിയ മീന്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. കേടാകാതിരിക്കാന്‍ ഇതില്‍ രാസവസ്തുക്കളും മറ്റും കലര്‍ത്തുന്നതുമൂലം ഭക്ഷിക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന ഒട്ടേറെ സംഭവങ്ങള്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടായി. പച്ചമീന്‍ തിന്ന പൂച്ചകളില്‍ ചിലത് ചത്തുവീഴുകയും മറ്റു ചിലത് അത്യാസന്ന നിലയിലാവുകയും ചെയ്തു.
നെടുങ്കണ്ടം ഭാഗത്ത് ഒരാഴ്ചയ്ക്കിടെ മൂന്നുപേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊടുപുഴ, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ പൂച്ചകള്‍ക്കും ബുദ്ധിമുട്ടുകളുണ്ടായി. നെടുങ്കണ്ടത്ത് പൂച്ച ചത്തു. നാമമാത്രമായ ഇടങ്ങളില്‍ പരിശോന നടക്കുന്നുണ്ടെങ്കിലും രാസവസ്തുക്കള്‍ കലര്‍ന്നതും പഴകിയതുമായ മീനിന്റെ ഒഴുക്ക് തുടരുകയാണ്.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് മീന്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. ഇത് കയറ്റുമ്പോഴും ഇറക്കുമ്പോഴും കൈമാറുമ്പോഴും ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാരിന് യാതൊരു മാര്‍ഗവുമില്ല. പഴകിയ മീന്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്ത് ജില്ലയിലേക്ക് എത്തിക്കുന്നുണ്ട്.
പരാതികള്‍ ഉയരുമ്പോള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് ഇറങ്ങുന്നത്. ദിവസവും പരിശോധന പ്രാവര്‍ത്തികമല്ലെന്നും അവര്‍ പറയുന്നു.
വേണം, സ്ഥിരം സംവിധാനം
ജില്ലാ അതിര്‍ത്തികളിലെ ചെക്ക്പോസ്റ്റുകളില്‍ മീന്‍ പരിശോധിക്കാനുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
നേരത്തെ ഇത്തരത്തില്‍ ഹൈറേഞ്ചിലെ ചില ചെക്ക്പോസ്റ്റുകളില്‍ മത്സ്യം പരിശോധന നടത്തിയിരുന്നു. പഴകിയ മത്സ്യവും പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇത് നിലച്ചതോടെയാണ് പഴകിയ മത്സ്യം വീണ്ടും വ്യാപകമായി വില്‍പ്പനയ്‌ക്കെത്തിയത്.
ഇടുക്കിയില്‍ ഊര്‍ജിത പരിശോധന….
തൊടുപുഴ(ഇടുക്കി): ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ജില്ലയിലെ മത്സ്യവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധന.
തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 42 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത കേര, നത്തോലി, വിളമീന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഫോര്‍മാലിന്‍, അമോണിയ ടെസ്റ്റ്കിറ്റ് ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി തോന്നിയ ഒന്‍പത് മത്സ്യസാമ്പിളുകള്‍ കാക്കനാട് മേഖലാ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ലാബില്‍ അയച്ച 15 മത്സ്യ സാമ്പിളുകളുടെ പരിശോധനാഫലം വന്നതില്‍ ഒന്നിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.
തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയാ എം.എന്‍., പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പ്രശാന്ത് എസ്. എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
ആലപ്പുഴയിലെ 33 ഇടങ്ങളില്‍ പരിശോധന, വെള്ളിയാഴ്ച ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ കണ്ടെത്തിയില്ല…
ആലപ്പുഴ: ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 33 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതോ ഫോര്‍മാലിന്‍ ചേര്‍ത്തതോ ആയ മീനുകള്‍ കണ്ടെത്താനായില്ല.
മാവേലിക്കര, കുട്ടനാട്, അമ്പലപ്പുഴ മേഖലകളിലായിരുന്നു വെള്ളിയാഴ്ച പരിശോധിച്ചത്. പഴകിയ മീനുകള്‍ കണ്ടെത്താനായില്ലെങ്കിലും ചിലയിടങ്ങളില്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ മീന്‍വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. ഇവരില്‍നിന്നു പിഴയീടാക്കും.
പരിശോധനയുടെ ആദ്യദിനം 99 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മീനും രണ്ടാംദിനം 90 കിലോ പഴകിയ മീനും കണ്ടെത്തിയിരുന്നു. പരിശോധന ശക്തമാക്കിയതോടെ ചന്തകളിലേക്കു പഴകിയമീന്‍ എത്തുന്നതു കുറഞ്ഞതായാണു സൂചന.
പരിശോധന നിര്‍ത്തിയാല്‍ പഴകിയ മീനുകള്‍ വിപണിയിലെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണു തീരുമാനം. വെള്ളിയാഴ്ച നടന്ന പരിശോധനയ്ക്കു ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ആദര്‍ശ് വിജയ്, സോമിയോ, മീരാദേവി, ചിത്രാ മേരിതോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശോധന തുടങ്ങിയപ്പോള്‍ മീന്‍വില്‍പ്പനക്കാര്‍ കുറഞ്ഞു
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടങ്ങിയപ്പോള്‍ മീന്‍വില്‍പ്പനക്കാരും കുറഞ്ഞു. റോഡരികില്‍ തട്ടിട്ട് വില്‍പ്പന നടത്തുന്ന പലരും ഇപ്പോള്‍ കച്ചവടം നടത്തുന്നില്ല. പലയിടത്തും തട്ടുകള്‍ ഒഴിഞ്ഞനിലയിലാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു ലോറിയിലെത്തിക്കുന്ന മീനുകളും പരിശോധിക്കുന്നുണ്ട്.
പള്ളം ചന്തയില്‍നിന്ന് പിടികൂടിയ മീന്‍ കുഴിച്ചുമൂടി
വിഴിഞ്ഞം(തിരുവനന്തപുരം): കരുംകുളം പള്ളത്തെ മീന്‍ചന്തയില്‍ വില്‍പ്പനക്ക് എത്തിച്ച പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ കണ്ടെത്തിയത്. തമിഴ്നാട് തേങ്ങാപ്പട്ടണത്തില്‍ നിന്നും കണ്ടെയിനറില്‍ പള്ളം ചന്തയില്‍ എത്തിച്ച മീനാണിത്. 250-കിലോ വരുന്ന ചെമ്മീനാണ് പരിശോധനയില്‍ പഴകിയതെന്ന് കണ്ടെത്തിയത്. പിടികൂടിയ മീന്‍ കടപ്പുറത്ത് കുഴിച്ചുമൂടി.
കരുംകുളം പള്ളത്ത് അന്യസംസ്ഥാന മീന്‍ വിപണിക്കെതിരേ വ്യാപകമായ പരാതികളാണ് ഉയരുന്നത്. രാസവസ്തുക്കള്‍ ചേര്‍ത്തുള്ള മീന്‍ വില്‍പ്പനയാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം. ഇതര സംസ്ഥാന ലോബികളാണ് പള്ളത്തെ മീന്‍വിപണിയില്‍ മീന്‍ എത്തിക്കുന്നത്. പൂവാര്‍, പുതിയതുറ, പുല്ലുവിള, പള്ളം തുടങ്ങിയ തീരദേശത്തുനിന്നാണ് ജില്ലയുടെ പലഭാഗത്തും മീന്‍ എത്തിക്കുന്നത്. ഇതില്‍ പള്ളത്തുനിന്ന് എത്തിക്കുന്ന മീനുകളില്‍ ഭൂരിഭാഗവും മറ്റു സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നവയാണ്.
ദിവസവും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 200-ല്‍ അധികം ലോറികള്‍ ഇവിടെ മീനെത്തിക്കുന്നുണ്ട്.
കോവളം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരായ സി.വി.വിജയകുമാര്‍, പി.എസ്.അഞ്ജു, വി.എസ്.ഷിനി, നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഓഫീസ് അസിസ്റ്റന്റ് ആര്‍.ചന്ദ്രന്‍, പുല്ലുവിള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞു ബാവ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.ദിലീപ് കുമാര്‍, കാഞ്ഞിരംകുളം എ.എസ്.ഐ. റോയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.