ഇലക്ട്രിക് വാഹനങ്ങളിലെ തീപ്പിടിത്തം; സുരക്ഷ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി

0
134

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെയായി ഉണ്ടായിട്ടുള്ള എല്ലാം അപകടങ്ങളെ കുറിച്ചും വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ ഗുണനിലവാരപരിശോധന സംബന്ധിച്ച് മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചത്
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ ഈയിടെ വിവിധഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനുള്ള കൃത്യമായ കാരണങ്ങള്‍ പുറത്തുവന്നിട്ടില്ല. വാഹനങ്ങളുടെ ചാര്‍ജിങ്ങില്‍ സംഭവിക്കുന്ന പിഴവ് മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്നതാണ് തീപിടിത്തത്തിലേക്ക് വഴി വെക്കുന്ന പ്രധാന കാരണമെന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒഖിനാവ നടത്തിയ പരിശോധനയിലെ പ്രാഥമിക റിപ്പോര്‍ട്ട്.
ഇതിനുപുറമെ, തീപ്പിടിത്തമുണ്ടാകുന്നതിന് മറ്റുകാരണങ്ങള്‍ ഉണ്ടോ എന്നുള്ളത് സംബന്ധിച്ച് പഠനം നടക്കുകയാണ്. വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ബാറ്ററി ചാര്‍ജുചെയ്യുമ്പോഴും മാറ്റുമ്പോഴും കമ്പനി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള ചാര്‍ജിങ് കഴിയുന്നതും ഒഴിവാക്കുക, കമ്പനി നല്‍കിയ ചാര്‍ജര്‍മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേര്‍പെടുത്താവുന്ന ബാറ്ററി വീടിനകത്തുവെച്ച് ചാര്‍ജുചെയ്യവേ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിലെ സംഭവം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. എണ്‍പതുകാരനായ രാമസ്വാമിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ പ്രകാശ് കഴിഞ്ഞ ഒരുവര്‍ഷമായി വൈദ്യുതസ്‌കൂട്ടറാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം രാത്രി സ്‌കൂട്ടറില്‍ നിന്ന് ബാറ്ററി ഊരി ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോഴാണ് അപകടമുണ്ടായത്. എന്നാല്‍, എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ വാഹനനിര്‍മാതാക്കളായ പ്യുവര്‍ ഇ.വി. എന്ന സ്ഥാപനത്തിന്റെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.