മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വില്‍പനക്ക്

0
77

മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വില്‍പനക്ക്. സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ വീട് വിസ്മൃതിയിലാകും.

ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശമാണ് വീട്. 60 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. എന്നാല്‍, ജനലുകളും വാതിലുകളും ചിതലരിച്ച്‌ തുടങ്ങി.

പ്രേംനസീര്‍ വിടപറഞ്ഞ് 30 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച്‌ നശിക്കുന്നതാണ്. പ്രേംനസീറിന്റെ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്ത കാലത്ത് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിര താമസമാണ്. വീട് നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവശ്യം.