അനധികൃത ക്വാറി ഖനനം; താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി

0
104

 

 

താമരശ്ശേരി :പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയില്‍ അനധികൃത ഖനനം നടത്തിയതിന് പളളി വികാരിക്കും താമരശേരി ബിഷപ്പിനും കാല്‍കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഹൈക്കോടതി നിർദേശ പ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്‍റേതാണ് നടപടി. ഏപ്രില്‍ മുപ്പതിനകം പിഴയൊടുക്കാനാണ് നിർദേശം.

കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റില്‍ ഫ്ലവർ ചർച്ചിന് കീഴിലെ സ്ഥലത്ത് വർഷങ്ങളായി പ്രവർത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ ഹർജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനകം നടപടിയെടുക്കാന്‍ നിർദേശിച്ചിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റാണ് മാർച്ച് 31ന് പിഴചുമത്തി ഉത്തരവിട്ടത്. കേസിലെ എതിർ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റില്‍ ഫ്ലവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയില്‍ എന്നിവർക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്.

2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തി. ഈ കാലയളവില്‍ ക്വാറി പ്രവർത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു, എന്നാല്‍ ഖനനം ചെയ്ത 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് റോയല്‍റ്റിയായി പണമടച്ചത്. ബാക്കി 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്തെന്ന് അന്വേഷണതത്തില്‍ വ്യക്തമായി. ഘനമീറ്ററിന് 40 രൂപ നിരക്കില്‍ 23,48,013 രൂപ പിഴയും, അനുവദിച്ചതിലും അധികമായി ധാതു ഖനനം ചെയ്ത കുറ്റത്തിന് 5000 രൂപ കോമ്പൗണ്ടിങ് ഉൾപ്പടെയാണ് 23,53,013 രൂപ പിഴയിട്ടത്. ഈ മാസം മുപ്പതിനകം പിഴയൊടുക്കാനാണ് നിർദേശം.

അതേസമയം, സ്വന്തം ആവശ്യത്തിനായി സ്വന്തം ഭൂമിയില്‍ നിന്ന് ഖനനം നടത്താന്‍ വ്യവസ്ഥയുണ്ടെന്നും ‍ഖനനം ഏറെയും നടന്നത് 60 വര്‍ഷം മുമ്പ് ആയതിനാല്‍ 1967ലെ കേരള മൈനറല്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ ഇവിടെ ബാധഘകമാകില്ലെന്നുമാണ് പളളിയുടെ വാദം. പളളിയുടെയും പളളിയുടെ കീഴിലുളള സ്ഥാപനങ്ങളുടെയും ആവശ്യത്തിനായി മാത്രമാണ് കല്ല് ഉപയോഗിച്ചതെന്നും പളളി അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം, ജിയോളജി വകുപ്പിന്‍റെ ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം പ്രതികരിച്ചിട്ടില്ല.