വാമനപുരം നദീ സംരക്ഷണത്തിനായി ‘നീർധാര

0
157

 

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദീ സംരക്ഷണത്തിനായി ‘നീർധാര’ ജനകീയ പദ്ധതി ഒരുങ്ങുന്നു. പദ്ധതി നിർവഹണത്തിന് മുന്നോടിയായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഏഴ് സബ്കമ്മിറ്റികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി നദിയുടെ വൃഷ്ടിപ്രദേശത്ത് മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ നടക്കും. പ്രദേശത്തെ തൊഴിലുറപ്പ് പ്രവർത്തകർ, ജനപ്രതിനിധികൾ, സി.ഡി.എസ് പ്രവർത്തകർ എന്നിവരുടെ വീടുകളിൽ കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ് എന്നിവ തയാറാക്കുകയും കിണർ റീചാർജ് ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ 6000 വീടുകളിൽ ക്യാമ്പയിൻ നടപ്പാക്കാനാണ് പദ്ധതി. വാമനപുരം നദി ഒഴുകുന്ന 31 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 10 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള കാർഷിക കുളങ്ങൾ നിർമിക്കും. ഒപ്പം ഭൂഗർഭ ജല വകുപ്പിന്റെ സഹായത്തോടെ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള പൊതുസ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പോഷണം നടത്തും. പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ എന്നീ വകുപ്പുകൾ സംയുക്തമായി അരുവിക്കരയിൽ ചെക്ക് ഡാം നിർമിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

വാമനപുരം എം.എൽ.എ ഡി കെ മുരളി കൺവീനറായ ഉന്നതതല സമിതി യോഗത്തിൽ ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡി.ഹുമയൂൺ, സി.ഇ.ഡി പ്രോഗ്രാം ഓഫീസർ പി.ബൈജു, ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ.ഐ പ്രദീപ് കുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.