കൊച്ചി: നടന്‍ ദിലീപ് ആരോപണവിധേയനായ വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴിയെടുത്തു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നടിയുടെ മൊഴിയെടുത്തത്. മൂന്നരമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടുനിന്നു.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. മൊഴിയെടുക്കലില്‍ ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും. കഴിഞ്ഞദിവസം നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്.
ദിലീപ് ഫോണില്‍ നിന്ന് നീക്കം ചെയ്ത വാട്‌സാപ് ഗ്രൂപ്പുകളിലുള്ള പലരെയും വരുംദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. കാവ്യാ മാധവന്‍, നടന്‍ ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാം ഇനി ചോദ്യംചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്. വധഗൂഢാലോചനക്കേസിലെ എട്ടാം പ്രതി സായ് ശങ്കറെ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും ചോദ്യംചെയ്തിരുന്നു. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.