വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍ സര്‍വകലാശാലകൾക്ക് അനുമതി

0
54

വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അനുമതി നല്‍കി. ജോയിന്റ് ഡിഗ്രി, ഡുവല്‍ ഡിഗ്രി, പ്രോഗ്രാമുകള്‍ക്ക് ഉള്‍പ്പെടെയാണ് അനുമതി. നാക്ക് ഗ്രേഡ് 3.01 ന് മുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാന്‍ യുജിസിയുടെ മൂന്‍കൂര്‍ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ്, ഫീസ് എന്നിവ സ്വന്തമായി തീരുമാനിക്കാം.

ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാൻ യുജിസി അനുവാദം നൽകി. അടുത്ത അധ്യയന വർഷം മുതൽ വ്യത്യസ്ത കോളജുകളിൽ ബിരുദത്തിന് ചേരാനും അവസരമുണ്ട്. പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാം വർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാം. ഓരോ കോളേജിന്റെയും സമയക്രമം അനുസരിച്ച് കോഴ്സിന് ചേരാം. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്.

രണ്ട് കോഴ്സുകളും നേരിട്ട് പഠിക്കാനാവും. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ യുജിസി വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിക്കും. ഇതുവരെ ഒരാൾക്ക് ഒരു ബിരുദ കോഴ്സിന് മാത്രം ചേരാനായിരുന്നു അവസരം. ഓൺലൈനായി ഡിപ്ലോമ കോഴ്സുകൾ സമാന്തരമായി പഠിക്കാമായിരുന്നു. ഈ ചട്ടമാണ് മാറ്റിയത്.

രാജ്യത്തെമ്പാടും ലഭ്യമായ എല്ലാ വിദ്യാലയങ്ങളിലും ഈ സൗകര്യം ലഭിക്കും.  പുതിയ തീരുമാനം പ്രകാരം പിജി വിദ്യാർത്ഥികൾക്ക് പുതിയ ബിരുദ കോഴ്സും സമാന്തരമായി പഠിക്കാനാവും. എന്നാൽ രണ്ട് കോഴ്സിന്റെയും ക്ലാസ് സമയം പരസ്പരം കൂട്ടിമുട്ടരുത് എന്ന നിബന്ധനയുമുണ്ട്.