അഭയകേന്ദ്രമായി കുടുംബശ്രീ സ്നേഹിത

0
68

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് വലിയരീതിയിൽ പിന്തുണ നൽകാൻ സഹായകമായൊരു സംവിധാനമാണ് കുടുംബശ്രീയുടെ സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്‌ക്. ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമാണിത്. സുരക്ഷിതമായ സാമൂഹ്യയിടം സൃഷ്ടിക്കാനും, ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണ നൽകാനും സ്നേഹിത സഹായിക്കും. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണയും നൽകുന്നതുൾപ്പെടെ 24 മണിക്കൂർ സേവനങ്ങളാണ് സ്നേഹിതയിലൂടെ ലഭ്യമാകുന്നത്.

ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിരവധി സഹായങ്ങളാണ് സനേഹിത ജെന്റർ ഹെൽപ്പ് ഡെസ്‌ക് നൽകുന്നത്. അതിക്രമങ്ങൾ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ നൽകുന്നതോടൊപ്പം തന്നെ അവർക്കാവശ്യമായ നിയമസഹായം, കൗൺസിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നൽകുന്നു. ഇതിനുപുറമേ നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങളും 24 മണിക്കൂറും ടെലികൗൺസിലിങ്ങുമുണ്ട്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്നേഹിതയുടെ പ്രവർത്തനങ്ങൾ.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകൾ, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ എന്നിവ വഴിയാണ് അതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുന്നത്. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾ, പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾ എന്നിവർക്ക് ആവശ്യമെങ്കിൽ സ്നേഹിതയുടെ ഷോർട്ട് സ്റ്റേഹോമിൽ താമസിക്കാൻ സൗകര്യം ലഭ്യമാണ്. 2013ൽ മൂന്ന് ജില്ലകളിലായി ആരംഭിച്ച ജെൻഡർ ഹെൽപ്പ് ഡെസ്‌ക് 2017-2018 സാമ്പത്തിക വർഷത്തിലാണ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിങ്ങ് പിന്തുണയും സ്നേഹിത ജെന്റർ പ്രോഗ്രാം വഴി നടത്തിവരുന്നു. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതി മാർഗരേഖപ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കൾ, രണ്ട് കൗൺസിലർമാർ, രണ്ട് സെക്യൂരിറ്റി ഓഫീസർമാർ, കെയർ ടേക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ ജീവനക്കാരും പ്രവർത്തിക്കുന്നു.

2017 മുതൽ 2021 വരെ സ്നേഹിതയിൽ 1,367,915 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫോൺ വഴി റിപ്പോർട്ട് ചെയ്ത കേസുകളാണ് കൂടുതൽ. 1,357,001 കേസുകൾ ഫോൺ വഴി റിപ്പോർട്ട് ചെയ്തപ്പോൾ 10,914 കേസുകൾ സ്നേഹിതയിൽ നേരിട്ടെത്തിയവയാണ്. ഇവർക്ക് കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമ സഹായം നൽകിവരുന്നു. ഇക്കാലയളവിൽ 4895 പേർക്ക് താൽക്കാലിക താമസസൗകര്യവും സ്നേഹിത നൽകി. അതിക്രമത്തിനിരയായവരെ പ്രശ്നങ്ങളെ നേരിടാൻ മാനസികമായി സജ്ജരാക്കുക, സമത്വത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കടമകളെ കുറിച്ചും അവബോധമുള്ളവരാക്കുക എന്നിവയും സ്നേഹിത ഹെൽപ്പ് ഡെസ്‌ക് വഴി നടത്തിവരുന്നു. പ്രാദേശികതലത്തിൽ പരിശീലന കളരികളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും അവശ്യ സന്ദർഭങ്ങളിൽ കൗൺസിലിംഗ് നൽകുകയും ചെയ്തുകൊണ്ട് സ്നേഹിത 24*7 സജീവമാണ്.