Thursday
18 December 2025
20.8 C
Kerala
HomeKeralaകുരുവിക്കൊരുകൂട് പദ്ധതി വിപുലീകരിക്കും : വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍

കുരുവിക്കൊരുകൂട് പദ്ധതി വിപുലീകരിക്കും : വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍

അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി വിപുലീകരിക്കുമെന്നും ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം തിരുവനന്തപുരം പാളയം കണ്ണിമാറ മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങാടിക്കുരുവികളടക്കമുള്ള ചെറുജീവികളെ സഹജീവികളായി കണ്ട് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഓരോരുത്തരും പ്രയത്‌നിക്കണം.

ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവറുമാരുമുള്‍പ്പെടെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നവരുടെ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു.
പ്രകൃതി സംരക്ഷണത്തിന് പക്ഷികളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. കുരുവിസംരക്ഷകരായ തൊഴിലാളികള്‍ക്കുള്ള ടീ ഷര്‍ട്ടുകളും മന്ത്രി വിതരണം ചെയ്തു.
ചടങ്ങില്‍ ഇരുമന്ത്രിമാരും സംയുക്തമായി കുരുവികള്‍ക്കുള്ള കൂടുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തില്‍ ആദ്യം കണ്ണിമാറ, ചാല മാര്‍ക്കറ്റുകളില്‍ അന്‍പത് വീതം കൂടുകളാണ് സ്ഥാപിക്കുക. തുടര്‍ന്ന് ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും പദ്ധതിയുടെ ഭാഗമായി കൂടുകള്‍ സ്ഥാപിക്കും. വനംവകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം, റൈറ്റേഴ്‌സ് ആന്റ് നേച്ചര്‍ ലവേഴ്‌സ് ഫോറത്തിന്റെയും വിവിധതൊഴിലാളികളുടെയും സഹകരണത്തോടെ 2013 മുതല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കുരുവിക്കൊരു കൂട്.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, സാമൂഹ്യവനവല്‍ക്കരണ വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, റൈറ്റേഴ്‌സ് ആന്റ് നേച്ചര്‍ ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ സി.റഹിം, ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.ബി.സഞ്ജയന്‍, എസിഎഫ് ജെ.ആര്‍.അനി, എസ്എഫ്ഒ സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

Most Popular

Recent Comments