മഞ്ജുവാരിയർക്കെതിരെ കള്ളമൊഴികൊടുക്കാൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ കോടതിയിൽ ഹാജരാക്കി

0
68

ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്നും മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്നും കോടതിയില്‍ മൊഴി നല്‍കണമെന്ന് പ്രോസിക്യൂഷന്റെ സാക്ഷിയെ പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിച്ചതിന്റെ ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപിനെ പഠിപ്പിച്ചതിന്റെ ശബ്ദരേഖയിലെ വിവരങ്ങളാണു ചോര്‍ന്നത്. അനൂപിനെ പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ചേര്‍ത്തിരുന്നത്. കേസ് അട്ടിമറിച്ചെന്നു സ്ഥാപിക്കാനാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി. മെയ് മുപ്പതുവരെയാണ് സമയം നല്‍കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു കോടതി മൂന്നാഴ്ചത്തേക്കു വിലക്കി. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.