കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

0
79

കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ ഉറ്റുനോക്കുന്നു. സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. മോഡേണ്‍ മെഡിസിന്‍, ആയര്‍വേദം, ഹോമിയോ എന്നീ മേഖലകളില്‍ ഇനിയും കൂടുതല്‍ ഗവേഷണം മുന്നോട്ട് പോകണം. കേരളത്തിന് വിപുലമായ ഡേറ്റാ ശേഖരമാണുള്ളത്. ഈ ഡേറ്റകള്‍ കൃത്യമായി ഉപയോഗിക്കണം. ഇത് നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് പോകണം. ഹോമിയോപ്പതി മേഖലയില്‍ പുതിയ പഠനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാണ് ‘ഹാര്‍ട്ട്’ എന്ന പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഹാര്‍ട്ട് പദ്ധതിയുടെ ഉദ്ഘാടനവും ഒപ്പം ത്രൈമാസികയുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്ത് രോഗ പ്രതിരോധത്തിന് ഹോമിയോപ്പതിയ്ക്ക് പ്രധാന സ്ഥാനം നല്‍കിയിരുന്നു. കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥകള്‍ ഉള്‍പ്പെടെ ഏതൊക്കെ തലങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്ന് നോക്കണം. ചികിത്സയിലും ഗവേഷണം ആവശ്യമാണ്. ഔഷധ സസ്യങ്ങളുടെ ഉത്പാദനത്തിന് ഔഷധകൃഷി പ്രോത്സാഹിപ്പിക്കണം. ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. ലോകത്തിന് മാതൃകയാകാന്‍ ഹോമിയോ സമൂഹത്തിന് കഴിയണം. അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.എസ്.എം. വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ്, എന്‍.എ.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്‍. സജി, ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.