മധ്യപ്രദേശിൽ ബിജെപി എംഎൽഎക്കെതിരേയുളള പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടേയും മറ്റുളളവരുടേയും തുണിയുരിഞ്ഞ് പൊലീസ്. മാധ്യമ പ്രവർത്തകരേയും മറ്റുളളവരേയും അടിവസ്ത്രത്തിൽ പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിദ്ധി ജില്ലയിലാണ് സംഭവം.
ബിജെപി എംഎൽഎയായ കേദർനാഥ് ശുക്ലയ്ക്കും മകൻ കേദർ ഗുരു ദത്ത് ശുക്ല എന്നിവർക്കുമെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപമര്യാദയായ ആരോപണങ്ങൾ ഉന്നയിച്ച നാടക പ്രവർത്തകൻ നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്തിരുന്നു. നീരജ് കുന്ദറിന്‍റെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഇതിനിടെയാണ് മാധ്യമ പ്രവർത്തകരുയുൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് അർധ നഗ്നരായി സ്റ്റേഷനിൽ നിർത്തിയത്.
നീരജ് കുന്ദ്രയെ പിന്തുണച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ മറ്റൊരു നാടക പ്രവർത്തകൻ നരേന്ദ്ര ബഹദൂർ സിങിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് മർദ്ദിച്ചതായും അടിവസ്ത്രം ഉരിഞ്ഞതായും നരേന്ദ്ര ബഹദൂർ സിങ് ദി ക്വിന്റിനോട് പറഞ്ഞു.
കനിഷ്ക തിവാരി എന്ന മാധ്യമ പ്രവർത്തകനേയും അദ്ദേഹത്തിന്റെ ക്യാമറ പേഴ്സണേയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നിങ്ങൾ എന്തിനാണ് എംഎൽഎക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നത്, എന്തിനാണ് എംഎൽഎക്കെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും പൊലീസ് ചോദിച്ചതായി കനിഷ്ക തിവാരി പറഞ്ഞു. 18 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുകയായിരുന്നു. “ഏപ്രിൽ 2 ന് രാത്രി 8 മണിക്ക് പൊലീസ് തങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ഏപ്രിൽ 3 ന് വൈകുന്നേരം 6 മണിക്ക് ഞങ്ങളെ വിട്ടയക്കുകയും ചെയ്തുവെന്നും,” തിവാരി പറഞ്ഞു.