ബിജെപിയെ ചെറുക്കാന്‍ മതേതര ജനാധിപത്യ മുന്നണി വേണം : സീതാറാം യെച്ചൂരി

0
35

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ മതേതര ജനാധിപത്യ മുന്നണി വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടത്തി. യെച്ചൂരിയുടെ പ്രസംഗം മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു. യുക്രെയ്ന്‍, ശ്രീലങ്കന്‍ പ്രതിസന്ധികളും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. യുക്രെയിനില്‍ കൂട്ടക്കൊല നടത്തിയ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്. ശ്രീലങ്കയില്‍ ആഗോളവത്കരണത്തിന്റെ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തല്‍ സാധ്യമാകൂ. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തില്‍ അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ചെറുക്കണം. ബിജെപിയുടെ നയങ്ങള്‍ക്ക് ബദല്‍ സോഷ്യലിസമാണെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ അവകാശങ്ങള്‍ അടക്കം ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കു പോലും കടന്നുകയറുന്നു. മോദിയുടെ ഏകാധിപത്യത്തില്‍ വര്‍ഗീയ കോര്‍പ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. കോവിഡ് മഹാമാരിയെ ബിജെപി സര്‍ക്കാര്‍ നേരിട്ടത് നാം കണ്ടതാണ്. നിരവധി ശവശരീരങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. അതേസമയം മഹാമാരിയില്‍ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്നതിന് കേരളം ലോകത്തിനു തന്നെ മാതൃകയായി. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങള്‍പോലും പരാജയപ്പെട്ടിടത്താണ് കേരളം മാതൃകയായത്. സമ്മേളനം ഞായറാഴ്ച സമാപിക്കും.