പാലക്കാട് – തൃശൂര്‍ റൂട്ടില്‍ ഇന്നു സ്വകാര്യ ബസ് പണിമുടക്ക്. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം.150 ബസുകളാണ് പണിമുടക്കുക. ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയ്ക്കു മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുന്നുണ്ട്.
50 ട്രിപ്പുകള്‍ക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോള്‍ കടക്കാന്‍ സ്വകാര്യ ബസുകള്‍ നല്‍കേണ്ടിവരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം. പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടും, ആളുകളെ ഇറക്കി വിട്ടുമാണ് സ്വകാര്യ ബസുകള്‍ പ്രതിഷേധിച്ചത്.
ഇതിന് മുന്‍പും ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ടോള്‍ പിരിക്കാന്‍ ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഉള്‍പ്പെടെ കരാറ് കമ്പനിയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ടോള്‍ പിരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.
ഭാരം കൂടിയ വാഹനങ്ങള്‍ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്.