സംവരണ വിഭാഗത്തിലുൾപ്പെട്ടവർ ഇതര സമുദായത്തിലുള്ളവരെ വിവാഹം കഴിച്ചെന്ന പേരിൽ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതിയുടെ ഫുൾബെഞ്ച് വ്യക്തമാക്കിയതു സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു.
വിവാഹത്തിന്റെ പേരിൽ സംവരണ ആനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ട ഇടുക്കി സ്വദേശിനി ബെക്സി നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഇതു വ്യക്തമാക്കിയത്.
ഹർജിക്കാരി 2005ൽ സിറോ മലബാർ വിഭാഗത്തിൽപെട്ടയാളെ വിവാഹം കഴിച്ചു. ഇതിനുശേഷം എൽപി സ്കൂൾ അധ്യാപികയായി പിഎസ്‌സി മുഖേന നിയമനം ലഭിച്ചു. തുടർന്ന് ഇരട്ടയാർ വില്ലേജ് ഓഫിസിൽ ജാതി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയപ്പോൾ സിറോ മലബാർ സഭയിൽ പെട്ടയാളെ വിവാഹം കഴിച്ചതിനാൽ ലത്തീൻ കത്തോലിക്ക സമുദായത്തിൽപെട്ടയാളാണെന്നു സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നു വില്ലേജ് ഓഫിസർ അറിയിച്ചു. തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.