സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി. തുടക്കം കുറിച്ച് പൊതുസമ്മേളനവേദിയായ എകെജി നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, മണിക് സർക്കാർ, ബിമൻ ബസു, ബൃന്ദ കാരാട്ട് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ സമ്മേളനത്തിൽ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.