റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിയോ ലാവ്റോവ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 24 ന് യുക്രൈന് നേരെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിനുശേഷമുള്ള നിര്‍ണായക കൂടിക്കാഴ്ചയാണിത്. ഈ മാസം 31, ഏപ്രില്‍ 1 തീയതികളിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലാവ്റോവ് ഇന്ത്യയില്‍ എത്തുന്നത്. ഏപ്രില്‍ 1ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ലാവ്‌റോവ് കൂടിക്കാഴ്ച നടത്തും. അധിനിവേശം ആരംഭിച്ചതിന് ശേഷം പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ ശക്തമായിരുന്നിട്ടും റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്ത രാജ്യങ്ങളായിരുന്നു ഇന്ത്യയും ചൈനയും.
ഏപ്രില്‍ 11ന് ഇന്ത്യയും യുഎസും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.