എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്ത്തണമെന്ന ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന്റെ ആഹ്വാനത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം ചോര വീഴ്ത്താൻ വരട്ടെ, നമുക്ക് നോക്കാം ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.
ആഗ്രഹം ഇങ്ങനെ പ്രകടിപ്പിച്ച് സ്വയം പരിഹാസ്യമാകരുത്. ആ ചാനലുകാർതന്നെ ആലോചിക്കണം ഇങ്ങനെയുള്ളവരാണോ ചാനൽ നടത്തേണ്ടതെന്ന്. സമൂഹമാധ്യമങ്ങളിൽ പറയുന്നതുപോലെയാണോ ദൃശ്യമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. മാധ്യമസമൂഹം സ്വയം ആലോചിക്കേണ്ടതാണ് ഇങ്ങനെയാണോ ചാനൽ നടത്തേണ്ടതെന്ന്. സിപിഐ എമ്മിന്റെ രാജ്യസഭയിലെ നേതാവിന്റെ മൂക്കിലിടിച്ച് ചോരവീഴ്ത്തണമെന്ന് പറഞ്ഞാൽ ഇപ്പോൾ നടന്ന പ്രതികരണമല്ല ചിലപ്പോൾ ഇനി ഉണ്ടാകുക.
പറഞ്ഞയാൾക്ക് അങ്ങനെ ചെയ്യണമെങ്കിൽ നാളെ ഏഷ്യാനെറ്റിന്റെ മുന്നിൽ എളമരം കരീമിനെ കൊണ്ട് നിർത്തിക്കൊടുക്കാം. ചെയ്യുമോ എന്നുനോക്കാം. ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരെ വെല്ലുവിളിക്കുകയാണ്. ചെയ്യുമെങ്കിൽ നിങ്ങൾ ചെയ്യൂ. അപ്പോൾ വിവരമറിയും. ഇങ്ങനെയല്ല മാധ്യമപ്രവർത്തനം ചെയ്യേണ്ടത്. ഏഷ്യാനെറ്റിലെ കുറച്ചാളുകൾ മാത്രമേ ഇതിന്റെ കൂടെയുള്ളൂ. എല്ലാവരുമില്ല. ഇത്തരം കാര്യങ്ങൾക്ക് മാധ്യമപ്രവർത്തകർ കൂട്ടുനിൽക്കാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു.
ഏഷ്യാനെറ്റിന്റെ അവതാരകനെയല്ല. കാഴ്ചക്കാരെയാണ് ഞങ്ങൾ എപ്പോഴും നോക്കുന്നത്. കുറച്ചുകാലം ആ ചാനലിൽനിന്ന് സിപിഐ എം മാറിനിന്നിരുന്നു. ഇത് സംബന്ധിച്ച് ഗൗരവമായി ആലോചിക്കും. ഇദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിൽ എന്തുചെയ്യണമെന്ന്. ഏഷ്യാനെറ്റിനെ മൊത്തത്തിൽ ബഹിഷ്കരിക്കേണ്ട കാര്യമില്ല. എല്ലാവരും അക്കൂട്ടത്തിൽ ഉള്ളവരല്ല – കോടിയേരി പറഞ്ഞു.