മാർച്ച് 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനൽ ഓഫീസിന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കും

0
105

സംയുക്തമായി ടേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ മാർച്ച് 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച ചീഫ് റിപ്പോർട്ടർ വിനു വി ജോൺ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും അദ്ദേഹം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.

ഒരു മാധ്യമ പ്രവർത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനിയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. യാത്രകൾ ഒഴിവാക്കിയും കടകൾ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികൾ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു വി ജോൺ തന്റെ മ്ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്.

ജനാധിപത്യ വിരുദ്ധമായ മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.