വയൽ നികത്തി വീടുവച്ചാലും ഭൂമി ‘പാടം’ തന്നെ

0
275

നെൽവയൽ തണ്ണീർത്തടനിയമത്തിലെ വ്യവസ്ഥ പ്രകാരം വയൽ നികത്തി വീടുവയ്ക്കാൻ ഉടമസ്ഥനു ജില്ലാതല സമിതി അനുമതി നൽകിയാലും ഭൂമിരേഖകളിൽ പറമ്പോ പുരയിടമോ ആയി മാറ്റി നൽകാൻ (സ്വഭാവ വ്യതിയാനം) പാടില്ലെന്നു റവന്യു വകുപ്പ്. ഇത്തരം കേസുകളിൽ സ്വഭാവവ്യതിയാനം നടത്താൻ ഫോറം 6ൽ നൽകുന്ന അപേക്ഷ സ്വീകരിക്കാൻ പാടില്ലെന്നു വ്യക്തമാക്കി ലാൻഡ് റവന്യു കമ്മിഷണർ ആർഡിഒമാർക്കു കത്തയച്ചു.

ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട് ആർഡിഒമാർക്കുള്ള വിവിധ സംശയങ്ങൾക്കു മറുപടി നൽകുന്ന കത്തിലാണു നിയമത്തിലെ ഈ വ്യവസ്ഥ കമ്മിഷണർ വിശദീകരിച്ചത്. ഇടുക്കി ലൈവ്. വയൽ നികത്തി വീടു നിർമാണത്തിന് അനുമതി ലഭിച്ചാലും രേഖകളിൽ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ബാങ്ക് വായ്പയെടുക്കുമ്പോൾ തടസ്സങ്ങളുണ്ടാക്കാം.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നശേഷം നെൽവയൽ വാങ്ങിയവർക്കു വീടു വയ്ക്കാൻ പാടം നികത്താനാവില്ലെന്നു ഹൈക്കോടതി ഫുൾബെഞ്ച് വിധി പ്രസ്താവിച്ചതോടെ നിലവിലെ നിയമത്തിനു ശക്തിയേറിയിരിക്കുകയാണ്.

നേരത്തേ, സ്വകാര്യ ഭൂവുടമകൾ ഇക്കാര്യത്തിൽ ഇളവു തേടി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും പിന്നീട് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചപ്പോൾ റവന്യു വകുപ്പും എതിർകക്ഷിയായിരുന്നു. അതിനാൽ ഫുൾ ബെഞ്ചിന്റെ വിധിക്ക് എതിരെ അപ്പീൽ പോകേണ്ട ആവശ്യം വകുപ്പിന് ഇല്ലെന്ന് അധികൃതർ വിശദീകരിച്ചു.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വരും മുൻപ് നെൽവയലുകളുടെ ഉടമകളായിരുന്നവർക്കാണു വീടു നിർമാണത്തിന് ഇളവു നൽകാൻ വ്യവസ്ഥയുള്ളത്. പഞ്ചായത്തുകളിൽ 4.04 ആർ (10 സെന്റ്) നഗരമേഖയിൽ 2.2 ആർ (5 സെന്റ്) എന്നിങ്ങനെയാണു പരമാവധി നികത്താനാവുക. പ്രാദേശികതല നിരീക്ഷണ സമിതി നൽകുന്ന ശുപാർശ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതു പ്രിൻസിപ്പൽ കൃഷി ഓഫിസർ ഉൾപ്പെട്ട ജില്ലാതല സമിതിയാണ്.