മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കരുത്; ചരിത്ര ഗവേഷണ കൗണ്‍സിൽ തീരുമാനം പ്രതിഷേധാര്‍ഹം: കോടിയേരി

0
69

തിരുവനന്തപുരം> സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശയ്‌ക്ക് അംഗീകാരം നല്‍കിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌‌ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഈ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതോടെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടുവില്‍ നിന്ന് മറ്റപ്പെടുന്ന സ്ഥിതി ഉണ്ടാകും.

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിലനിര്‍ത്തരുത് എന്ന വാദമുണ്ടായപ്പോഴാണ് ഐസിഎച്ച്ആര്‍ ഇക്കാര്യം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ചരിത്രത്തെ നിഷേധിക്കുന്ന ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള പ്രക്ഷോഭമാണ് മലബാര്‍ കാര്‍ഷിക കലാപം. ജന്മിത്വത്തെയും അതിനെ താങ്ങി നിര്‍ത്തുന്ന സാമ്രാജ്യതത്വത്തിനും എതിരായുള്ള ധീരോജ്വലമായ സമരമായിരുന്നു മലബാര്‍ കാര്‍ഷിക കലാപമെന്ന് വ്യക്തമാണ്.

മതരാഷ്‌ട്ര ചിന്തകള്‍ക്ക് അതീതമായി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെയുള്ള പോരാട്ടമാണ് തങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നതെന്ന് അതിന്റെ നേതാക്കള്‍ തന്നെ അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള കലാപനേതാക്കള്‍ നടത്തിയിരുന്നു.

ഈ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മാപ്പിള ലഹളയെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചത്. ഈ പാത പിന്തുടര്‍ന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ വര്‍ഗ്ഗീയമായി മുദ്രകുത്താനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നത്.  മലബാര്‍ കാര്‍ഷിക കലാപകാരികളെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ബ്രിട്ടീഷുകാര്‍ വെടിവച്ചുകൊന്നത്. അതെ കാഴ്‌ചപാടാണ് സംഘപരിവാര്‍ ഇവിടെ സ്വീകരിക്കുന്നത്. ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയും വിഷലിപ്‌തമാക്കുകയും ചെയ്യുന്ന ആര്‍എസ്എസ് അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ആര്‍എസ്എസ് അവരുടെ ചരിത്രപാതകള്‍ നമ്മുടെ ചിന്തയില്‍ തിരുകികയറ്റാനാണ് ശ്രമിക്കുന്നത്.

ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ഈ സംഘപരിവാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മതനിരപേക്ഷ ചിന്താഗതിക്കാരുമായി കൂടിചേര്‍ന്ന് വിശാലമായ പ്രതിരോധ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് മുന്‍കയ്യെടുക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.