കോവിഡ് കോളർട്യൂൺ നിർത്തലാക്കി കേന്ദ്രസർക്കാർ

0
73

രണ്ടുവർഷത്തോളമായി രാജ്യത്ത് നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കോവിഡ് കോളർട്യൂൺ ഇനിയുണ്ടാകില്ല. ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ നിർത്തലാക്കി കേന്ദ്രസർക്കാർ

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കേന്ദ്രസർക്കാർ കോവിഡ് കോളർട്യൂണും നിർത്താൻ ആലോചിച്ചത്.

രാജ്യത്ത് വൈറസ് പിടിമുറുക്കിത്തുടങ്ങിയ ഘട്ടത്തിലാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഫോണുകളിൽ കോളർട്യൂണായി കോവിഡ് ബോധവൽക്കരണ സന്ദേശവും നൽകിത്തുടങ്ങിയത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു സന്ദേശമുണ്ടായിരുന്നത്. കോവിഡിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും സുരക്ഷാനടപടിക്രമങ്ങളെക്കുറിച്ചും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു സന്ദേശത്തിലൂടെ.

പിന്നീട് കോളർട്യൂൺ പ്രാദേശിക ഭാഷകളിലേക്കും സ്ത്രീയുടെ ശബ്ദത്തിലേക്കും മാറി. പലപ്പോഴും സന്ദേശത്തിന്റെ ഉള്ളടക്കവും മാറി. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വാക്‌സിനെടുക്കാനുമുള്ള നിർദേശങ്ങളും ഇതുവഴി നൽകിയിരുന്നു. തുടക്കത്തിൽ കൗതുകത്തോടെ കേട്ട കോളർട്യൂൺ അടിയന്തര ഫോൺവിളിക്കടക്കം തടസമാകുകയും പിന്നീട് അരോചകമായിമാറുന്നതായുമെല്ലാം പരാതിയുയര്‍ന്നിരുന്നു.