മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ടുകൾ

0
63

മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ടുകൾ. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 77 ശതമാനം ആളുകളുടെയും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി.

ഡച്ച് ഗവേഷകരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ പ്രവേശിക്കാമെന്ന് പറയപ്പെടുന്നു. ഗവേഷകരുടെ പുതിയ കണ്ടെത്തലിൽ നിരവധി പ്രമുഖരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. പഠനഫലങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നും ദൈന്യംദിന ജീവിതത്തിലെ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് നാം പുനരാലോചിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം മനുഷ്യരക്തത്തിൽ പോളിഎത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) എന്ന പ്ലാസ്റ്റിക്കിന്റെ രൂപമുണ്ട്. സാധാരണയായി വെള്ളം, ആഹാര പദാർത്ഥങ്ങൾ, വസ്ത്രങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിലാണ് പോളിഎത്തിലീൻ ടെറഫ്താലേറ്റ് ഉള്ളത്.

രക്ത സാമ്പിളുകളിൽ ഗവേഷകർ കണ്ടെത്തിയ മൂന്നാമത്തെയിനം പ്ലാസ്റ്റിക്കാണ് പോളിഎത്തിലീൻ. ഇവ സാധാരണയായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നവയാണ്. സാമ്പിളുകൾ ശേഖരിച്ചവരിൽ 36 ശതമാനം ആളുകളുടെ രക്തത്തിലാണ് ഇവ കണ്ടെത്തിയത്.

22 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 17 പേരുടെ രക്തത്തിലും പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. പോളിഎത്തിലീൻ ടെറഫ്താലേറ്റ് എന്നയിനം പ്ലാസ്റ്റിക്കിന് പുറമേ പോളിസ്‌റ്റൈറീൻ എന്നയിനം പ്ലാസ്റ്റിക്കും രക്തത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൊതുവായി നാം കാണപ്പെടുന്ന വീട്ടുപകരണങ്ങളെ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ളതാണ് പോളിസ്‌റ്റൈറീൻ എന്ന കണികകൾ.