2008-നു ശേഷം വാങ്ങിയ വയൽ,വീട് നിർമിക്കാൻ നികത്താനാകില്ല -ഹൈക്കോടതി

0
72

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008-നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ അത് നികത്താൻ അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തിൽ വിരുദ്ധ ഉത്തരവുകൾ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുൾബെഞ്ച് വ്യക്തതവരുത്തിയിരിക്കുന്നത്.  ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാൽ ഇളവ് അനുവദിക്കാനാകില്ല. ചെറിയഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ നികത്താൻ അനുമതി നൽകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നും വ്യക്തമാക്കി.  നിയമം നിലവിൽവന്നശേഷം പാടഭൂമി വാങ്ങിയവർക്ക് വീടുവെക്കാൻ നികത്താൻ അനുമതി നൽകാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരിൽ ഒരാൾ ഒഴിച്ചുള്ളവർ 2008-ലെ നിയമം നിലവിൽ വന്നശേഷം നിലം വാങ്ങിയവരായിരുന്നു. പൈതൃക സ്വത്ത് ഇഷ്ടദാന പ്രകാരം കിട്ടിയ ആളായിരുന്നു ഒരു ഹർജിക്കാരി. ഈ ഹർജിയുടെ കാര്യത്തിൽ അപേക്ഷ നിയമപരമായി പരിഗണിക്കാനും കോടതി നിർദേശിച്ചു.  2008-നു മുൻപേ പാടത്തിന്റെ ഉടമസ്ഥനാണെങ്കിൽ മറ്റു ഭൂമി ഇല്ലെങ്കിൽ വീട് നിർമിക്കാൻ പാടം നികത്താൻ അനുമതി നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയിൽ 4.4 ആറും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 2.02 ആറുമാണ് ഇത്തരത്തിൽ നികത്താൻ അനുവദിക്കുക. (ഒരു ആർ= 2.47 സെന്റ്).  എന്നാൽ 2008-നു ശേഷം ഭൂമി വാങ്ങിയവരുടെ കാര്യത്തിൽ ഈ ഇളവ് നൽകാനാകില്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. തുടർന്നാണ് വിഷയം ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.  ഉടമസ്ഥരെ 2008-നു മുൻപുള്ളവരെന്നും 2008-നു ശേഷമുള്ളവരെന്നും വേർതിരിക്കുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നെൽപ്പാടങ്ങൾ നികത്തുന്നത് പൂർണമായും വിലക്കുക എന്നതല്ല 2008-ലെ നിയമത്തിന്റെ ലക്ഷ്യമെന്നും വാദിച്ചു.  ഈവാദംതള്ളിയഫുൾബെഞ്ച് നെല്ലുൽപാദനത്തിൽ കേരളംഒരിക്കൽസ്വയംപര്യാപ്തമായിരുന്നുവെന്ന് വിലയിരുത്തി.  എട്ടു ലക്ഷം ഹെക്ടറിൽനിന്ന് രണ്ടുലക്ഷം ഹെക്ടറിലേക്ക്  1970-ൽ എട്ടു ലക്ഷം ഹെക്ടർ ഭൂമിയിൽ കേരളത്തിൽ നെൽകൃഷിയുണ്ടായിരുന്നു. 2000 ആയപ്പോഴേക്കും രണ്ടുലക്ഷമായി. നെൽവയലുകൾ തരംമാറ്റിയതാണ് കാരണം. ആവശ്യമായതിൽ 80 ശതമാനം നെല്ലും ഇറക്കുമതി ചെയ്യുകയാണ്. ഭക്ഷ്യവിളകളിൽനിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റവും ഇതിനു കാരണമായി.  കേരളത്തിന്റെ ജൈവഘടനയെപ്പോലും തകർക്കുന്നതായിരുന്നു ഈ മാറ്റങ്ങൾ. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് 2008-ലെ നിയമം കൊണ്ടുവരുന്നതെന്നും കോടതി വിലയിരുത്തി