കൊച്ചി
രാജ്യത്തെ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പൽ (ഡ്രഡ്‌ജർ) കൊച്ചി കപ്പൽനിർമാണശാല നിർമിക്കും. ഇതിനായി ഡ്രഡ്‌ജിങ് കോർപറേഷനുമായി (ഡിസിഐ) കരാറായി. നെതർലൻഡ്‌സിലെ കപ്പൽനിർമാണ കമ്പനിയായ ഐഎച്ച്‌സി ഹോളണ്ടുമായി സഹകരിച്ചാണ് കപ്പൽ നിർമിക്കുക. 950 കോടി രൂപ ചെലവിൽ നിർമിക്കുന്ന കപ്പലിന് 12,000 ക്യുബിക് മീറ്റർ മണ്ണ് മാറ്റാൻ ശേഷിയുണ്ട്. 127 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള കപ്പൽ 34 മാസംകൊണ്ടാണ് നിർമിക്കുക. മൂന്നു മണ്ണുമാന്തിക്കപ്പലുകൾ നിർമിക്കാനാണ് ഡിസിഐ ലക്ഷ്യമിടുന്നത്. ആദ്യ കപ്പൽനിർമാണം പൂർത്തിയായാൽ മറ്റുള്ളവയുടെയും നിർമാണകരാർ കൊച്ചി കപ്പൽശാലയ്‌ക്ക് ലഭിക്കുമെന്നാണ് സൂചന.
ലോകത്ത് 80 ശതമാനം മണ്ണുമാന്തിക്കപ്പലുകളും നിർമിക്കുന്ന പ്രശസ്‌ത സ്ഥാപനമാണ് നെതർലൻഡ്‌സിലെ ഐഎച്ച്‌സി ഹോളണ്ട്. കപ്പൽ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇവർ ഡിസിഐക്ക് കൈമാറും. ലോകനിലവാരമുള്ള ഐഎച്ച്‌സിയുടെ ബീഗിൾ ക്ലാസ് 12 വിഭാഗത്തിലാണ് കപ്പൽ നിർമിക്കുക. ഐഎച്ച്‌സിയുടെ അതിസങ്കീർണമായ സാങ്കേതികവിദ്യയുടെ സാധ്യതാപഠനം നടത്തി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കപ്പലിന്റെ രൂപഘടനയിൽ മാറ്റംവരുത്തിയായിരിക്കും നിർമിക്കുക. ബ്രഹ്മപുത്ര എന്ന പേരിലാണ് ഡിസിഐ കപ്പൽ നിർമാണം.
വർഷങ്ങൾക്കുമുമ്പ് 1800 ക്യുബിക് മീറ്റർ ശേഷിയുള്ള കാവേരി എന്ന മണ്ണുമാന്തിക്കപ്പലാണ് കൊച്ചിയിൽ ഇതിനുമുമ്പ് നിർമിച്ചത്. ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ നിർമിച്ച കൊച്ചി കപ്പൽശാലയുടെ കുതിപ്പിന് കരുത്തേകുന്നതാണ് മണ്ണുമാന്തിക്കപ്പലിന്റെ നിർമാണച്ചുമതല. രാജ്യത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പൽ നിർമിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കപ്പൽശാല സിഎംഡി മധു എസ് നായർ പറഞ്ഞു.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഡിസിഐ എംഡി ജി വൈ വി വിക്ടറും മധു എസ് നായരും കരാറിൽ ഒപ്പിട്ടു. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, സഹമന്ത്രിമാരായ ശ്രീപാദ് നായ്‌ക്, ശന്തനു താക്കൂർ, നെതർലൻഡ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻബെർഗ് എന്നിവരും പങ്കെടുത്തു.
