ഹിജാബ് വിവാദം: നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

0
110

ഹിജാബ്  നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് ഹര്‍ജി തള്ളിയത് .ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് രാജ്യം ഉറ്റു നോക്കുന്ന വിധി പ്രഖ്യാപിച്ചത്.

ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കോടതി വ്യക്തമാക്കി. യൂണിഫോമനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാകില്ല. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശുണ്ടെന്നും കോടതി പറഞ്ഞു. സ്‌കൂളില്‍ ഹിജാബ് ധരിച്ച് എത്താമെങ്കിലും ക്ലാസില്‍ അത് പറ്റില്ലെന്നും കോടതി വ്യക്തമാക്കി

ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയത്. കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു. 11ദിവസമാണ് കേസില്‍ കോടതി  കേസില്‍ വാദം കേട്ടത്.

വിധിയുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്‌ളാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.

ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധംപിടിച്ച ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്. ഇതിനിടെ കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.