ഗൂഗിൾ മാപ്പ് നോക്കി ബോംബ് ഷെൽട്ടറുകളിൽ അഭയം തേടണമെന്ന് യുക്രെയ്നിലെ ഇന്ത്യക്കാരോട് ഇന്ത്യൻ എംബസി. യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നൽകിയത്. ഇന്നലെ യുക്രെയ്നിലെ ഇന്ത്യൻ എംബസിയിൽനിന്ന് മൂന്ന് മുന്നറിയിപ്പ് സന്ദേശങ്ങളാണ് ഉണ്ടായത്. ചിലസ്ഥലങ്ങളിൽ ബോംബ് ആക്രമണത്തിന്റെ മുന്നറിയിപ്പുകൾ കേൾക്കുന്നുണ്ടെന്ന് അറിയാം. ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ ഭൂഗർഭ മെട്രോകളിൽ സ്ഥിതിചെയ്യുന്ന ബോംബ് ഷെൽട്ടറുകൾ ഗൂഗിൾ മാപ്പ് നോക്കി കണ്ടെത്തി സുരക്ഷിതരാകുക- എംബസി അറിയിച്ചു. യുക്രെയ്നിൽ ഏകദേശം 18,000 ഇന്ത്യക്കാരുണ്ട്, അവരിൽ പലരും വിദ്യാർഥികളാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്നലെ അയച്ച എയർ ഇന്ത്യ വിമാനം യുക്രെയ്ൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് മടങ്ങേണ്ടി വന്നിരുന്നു.