റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്. എവിടെയാണ് സ്ഫോടനം നടന്നതെന്നോ എത്ര സ്ഫോടനങ്ങൾ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈൻ തിരിച്ചടി നൽകിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്.
യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയെന്ന് അമേരിക്ക. യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ രംഗത്തെത്തിയത്.
യുക്രൈനിൽ മനുഷ്യക്കുരുതി നടക്കുകയാണെങ്കിൽ അതിൽ റഷ്യ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് ബൈഡൻ വ്യക്തമാക്കി. ലോകത്തിൻ്റെ പ്രാർത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താൻ നിരീക്ഷിക്കുന്നുണ്ട്. ജി7 രാജ്യങ്ങളുമായും നാറ്റോ സഖ്യവുമായും കൂടിയാലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. ഇക്കാര്യത്തിൽ ഉടൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.
യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു.
റഷ്യൻ സൈന്യം യുക്രൈനിൽ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.